Friday 20 May 2011

Kochi Tuskers out of IPL 2011, but the team has half a dozen wins in credit

കൊച്ചി: അരഡസന്‍ വമ്പന്‍ വിജയങ്ങളുമായി കൊച്ചി ടസ്‌കേഴ്‌സ് കേരള ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യസീസണ്‍ പൂര്‍ത്തിയാക്കുന്നത് അഭിമാനത്തോടെ. വിവാദങ്ങളോടെ പിറക്കുകയും അനിശ്ചിതത്വങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്ത കൊച്ചി ഫ്രാഞ്ചൈസിയെ സംബന്ധിച്ച് ടീമിന്റെ പ്രകടനം പൊതുവെ ആശ്വാസകരമാണ്. കെട്ടുറപ്പോടെ രംഗത്ത് വരികയും ലോകകപ്പ് ഹീറോ യുവരാജ്‌സിങ് നയിക്കുകയും ചെയ്ത മറ്റൊരു പുതുമുഖ ടീമായ പുണെ വാറിയേഴ്‌സിന്റെ ദൈന്യം വെച്ചുനോക്കുമ്പോള്‍ ടസ്‌കേഴ്‌സിന്റെ പ്രകടനം ശ്രദ്ധേയംതന്നെയാണ്.

മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നീ നാല് മെട്രോ ടീമുകളെയും അട്ടിമറിച്ച ടസ്‌കേഴ്‌സ് ദുര്‍ബലടീമുകള്‍ക്കെതിരെ അനാവശ്യതോല്‍വികള്‍ വഴങ്ങാതിരുന്നെങ്കില്‍ പ്ലേ ഓഫ് റൗണ്ടിലെത്തുമായിരുന്നു. തുടക്കത്തില്‍ ഒത്തിണങ്ങാന്‍ വൈകിയതാണ് ആദ്യമത്സരങ്ങളിലെ തോല്‍വിക്ക് കാരണം. ബാംഗ്ലൂരിനെതിരെ കൊച്ചിയില്‍ നടന്ന ആദ്യകളിയില്‍ 161 റണ്‍സടിക്കാന്‍ കഴിഞ്ഞെങ്കിലും ജയം കൈവിട്ടു. ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ അന്ന് ഉച്ചയ്ക്ക് മാത്രമാണ് ടീമിനൊപ്പം ചേര്‍ന്നത്. ക്യാപ്റ്റന് മുഖപരിചയം പോലുമില്ലാത്ത കളിക്കാരായിരുന്നു പലരും.

രണ്ടാം മത്സരത്തില്‍ പുണെ വാറിയേഴ്‌സിനോട് തോറ്റതും ഇതേ ഒത്തിണക്കക്കുറവുകൊണ്ടുതന്നെ. എന്നാല്‍ പിന്നീട് കണ്ടത് ടസ്‌കേഴ്‌സിന്റെ കുതിപ്പാണ്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു ആദ്യജയം. 183 റണ്‍സ് പിന്തുടര്‍ന്ന് നേടിയജയം സച്ചിന്‍ തെണ്ടുല്‍ക്കറുടെ സെഞ്ച്വറിയെപ്പോലും നിഷ്പ്രഭമാക്കി. അടുത്ത കളിയില്‍ ഹോംഗ്രൗണ്ടില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോനിയുടെ ചെന്നൈയെ വീഴ്ത്തി. കൊല്‍ക്കത്തയേയും തോല്‍പ്പിച്ച് തുടര്‍ച്ചയായ മൂന്നാം ജയം. പിന്നീട് ഒരു പതനമായിരുന്നു, തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍. അതിനുശേഷം തുടരെ രണ്ട് കളികള്‍ ജയിച്ചെങ്കിലും അവസാനഘട്ടത്തില്‍ ഇടറി.

സ്ഥിരതയില്ലാത്ത പ്രകടനമാണ് കൊച്ചിക്ക് പ്ലേ ഓഫ് തടഞ്ഞത്. മുന്‍നിര ടീമായ മുംബൈയെ അവരുടെ മണ്ണില്‍ പ്പോയി തോല്‍പ്പിച്ചപ്പോള്‍ പോയന്റ്‌ടേബിളില്‍ ഏറ്റവും താഴെയായിരുന്ന ഡെക്കാണ്‍ ചാര്‍ജേഴ്‌സിനോട് സ്വന്തം മണ്ണില്‍ പരാജയപ്പെട്ടു. ടീമിന്റെ അസ്ഥിരതയ്ക്ക് ഇതുതന്നെ വലിയ തെളിവ്. മധ്യനിരയില്‍ ഒരു മികച്ച ബാറ്റ്‌സ്മാന്റെ അഭാവമാണ് കൊച്ചിക്ക് തിരിച്ചടിയായത്.
ബ്രണ്ടന്‍ മെക്കല്ലവും മഹേല ജയവര്‍ധനെയും പരാജയപ്പട്ടാല്‍ ഇന്നിങ്‌സ് ഭദ്രമാക്കാന്‍ പിന്നീട് ആരുമില്ലാത്ത അവസ്ഥ. മധ്യനിരയില്‍ ഒന്നോ രണ്ടോ ബാറ്റിങ് ഓള്‍റൗണ്ടര്‍മാര്‍കൂടിയുണ്ടായിരുന്നെങ്കില്‍ ടസ്‌കേഴ്‌സിന്റെ വിധി മറ്റൊന്നാകുമായിരുന്നു.

മഹേല ജയവര്‍ധനെയിലൂടെ ഒരു മികച്ച ക്യാപ്റ്റനെ കിട്ടി എന്നതാണ് കൊച്ചിക്ക് നേട്ടമായത്. ടീമിനെ ഒന്നടങ്കം പ്രചോദിപ്പിക്കാന്‍ ക്യാപ്റ്റന് കഴിഞ്ഞു. സ്റ്റേഡിയങ്ങളില്‍ സ്വന്തം ആരാധകരുടെ പിന്തുണ കുറഞ്ഞത് കൊച്ചിയുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടാവാം. കൊച്ചി നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണമാണ് ടസ്‌കേഴ്‌സ് ജയിച്ചത്. ഇതില്‍ കൊല്‍ക്കത്തക്കെതിരായ അവസാന മത്സരത്തില്‍മാത്രമാണ് സ്റ്റേഡിയം മുക്കാല്‍ ഭാഗമെങ്കിലും നിറഞ്ഞത്. വഴിപാട് തീര്‍ക്കുന്നതുപോലെയാണ് കൊച്ചിയിലെ മത്സരങ്ങള്‍ കഴിഞ്ഞുപോയത്. വിവാദങ്ങളുടെ ഘോഷയാത്രയ്ക്കിടയിലായിരുന്നു ഈ മത്സരങ്ങള്‍.

കൊച്ചിതാരങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള പ്രകടനങ്ങളൊന്നും നടത്തിയിട്ടില്ല. ഒരു സെഞ്ച്വറിയോ അഞ്ച് വിക്കറ്റോ ടസ്‌കേഴ്‌സ് താരങ്ങളില്‍ നിന്നുണ്ടായില്ല. മെക്കല്ലമാണ് കൊച്ചിയുടെ റണ്‍വേട്ടക്കാരന്‍-357 റണ്‍സ്. എന്നാല്‍ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ മെക്കല്ലം 12-ാം സ്ഥാനത്താണ്. മെക്കല്ലത്തിന്റെ 81 റണ്‍സാണ് ടസ്‌കേഴ്‌സിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ജയവര്‍ധനെ(299), ബ്രാഡ് ഹോജ് (285), രവീന്ദ്ര ജഡേജ (283), പാര്‍ഥിവ് പട്ടേല്‍ (202) എന്നിവരാണ് ടസ്‌കേഴ്‌സിനുവേണ്ടി ഭേദപ്പെട്ട് കളിച്ച മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.

കൊച്ചിക്കുവേണ്ടി ഏറ്റവുംകൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ആര്‍.പി.സിങ്ങാണ്-14. എന്നാല്‍ ലസിത് മലിംഗ (27) നേതൃത്വംനല്‍കുന്ന വിക്കറ്റ് വേട്ടക്കാരില്‍ ആര്‍.പി 14-ാം സ്ഥാനത്താണ്. പത്ത് വിക്കറ്റിന് മുകളില്‍ പിന്നീട് നേടിയത് വിനയ്കുമാര്‍ മാത്രമാണ്.പ്രശാന്ത് പരമേശ്വരന്‍ ഒഴിച്ചുള്ള കേരളതാരങ്ങളെ സംബന്ധിച്ച് ഈ ഐ.പി.എല്‍. നിരാശാജനകമായിരുന്നു. റെയ്ഫി വിന്‍സന്റ് ഗോമസിന് 11 മത്സരങ്ങള്‍ കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും ഒരു കളിയില്‍മാത്രമാണ് തിളങ്ങാനായത്.

കൊല്‍ക്കത്തക്കെതിരെ കൊച്ചിയില്‍ നാലോവറില്‍ 14 റണ്‍സ്മാത്രം വഴങ്ങി വീഴ്ത്തിയ രണ്ട് വിക്കറ്റുകള്‍ ജയത്തില്‍ നിര്‍ണായകമായി. എന്നാല്‍ 11 കളികളില്‍ റെയ്ഫിക്ക് കിട്ടിയത് വെറും അഞ്ച് വിക്കറ്റാണ്, ബാറ്റിങ്ങില്‍ കിട്ടിയത് 46 റണ്‍സും. മൂന്നു വട്ടം റെയ്ഫി നേരിട്ട ആദ്യപന്തില്‍ത്തന്നെ പുറത്തായി. ഒമ്പത് മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍താരം ശ്രീശാന്തിന്റെ വിക്കറ്റ്‌നേട്ടം വെറും ഏഴാണ്. ഇക്കോണമി റേറ്റില്‍ ടസ്‌കേഴ്‌സ് താരങ്ങളില്‍ മുന്നിലെത്താന്‍ ശ്രീക്ക് കഴിഞ്ഞു- 6.47.

എങ്കിലും ഇക്കോണമി റേറ്റിങ്ങിന്റെ പട്ടികയില്‍ ശ്രീ 16-ാം സ്ഥാനത്താണ്. ഡല്‍ഹിക്കെതിരെ കൊച്ചിയില്‍ ശ്രീയുടെ ബൗളിങ്ഫിഗര്‍ ശ്രദ്ധേയമായിരുന്നു, 4-1-10-2. ഇത് ഈ സീസണിലെ ഏറ്റവും മികച്ച അഞ്ചാമത്തെ ബൗളിങ് ഫിഗറാണ്. ഒരു കളിയില്‍മാത്രം അവസരം ലഭിച്ച പി.പ്രശാന്ത് ആകെ ഒരോവറാണ് എറിഞ്ഞത്, അതില്‍ 18 റണ്‍സും വഴങ്ങി. കൊച്ചിനിരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയത് മെക്കല്ലമാണ്-16. എന്നാല്‍ ഇതിന്റെ ഇരട്ടി അടിച്ച ക്രിസ് ഗെയ്‌ലാണ് പട്ടികയില്‍ ഒന്നാമന്‍.കേരളക്രിക്കറ്റിനെ സംബന്ധിച്ച് ചെറിയ നേട്ടങ്ങളുണ്ടായെങ്കിലും പ്രതീക്ഷിച്ചത്ര കുതിപ്പ് നല്‍കാതെയാണ് ഐ.പി.എല്ലിന്റെ ആദ്യസീസണ്‍ അവസാനിക്കുന്നത്.

No comments:

Post a Comment